'കരുതലിന് നന്ദി, ലണ്ടനില്‍നിന്ന് വിളിവന്നു'; സമ്മേളന നഗരിയില്‍ മാധ്യമങ്ങളെ പരിഹസിച്ച് മുകേഷ്

 | 
mukesh


കൊല്ലം: സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിവസം സമ്മേളന നഗരയിലെത്തി നടനും എം.എല്‍.എയുമായ മുകേഷ്. സ്വന്തം മണ്ഡലത്തിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോഴും മുകേഷ് എം.എല്‍.എയുടെ അസാന്നിധ്യം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും വിമര്‍ശിച്ചുമുള്ള പ്രതികരണമാണ് അദ്ദേഹം ആദ്യം നടത്തിയത്. കൊല്ലത്ത് പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ സ്ഥലം എം.എല്‍.എയുടെ അസാന്നിധ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

"രണ്ട് ദിവസം ഞാന്‍ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാര്‍ട്ടിയെ അറിയിച്ചിട്ടാണ് പോയത്. പിന്നെ, നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാന്‍ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോള്‍ ഇത്രയും കരുതല്‍ നിങ്ങള്‍ കാണിക്കുന്നുണ്ടല്ലോ." നമ്മള്‍ ഇല്ലാതെ കൊല്ലം ഇല്ലെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബ്രാഞ്ച് സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ച് ഒരാള്‍ ഇന്ന് രാവിലെ ലണ്ടനില്‍നിന്ന് വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് പറഞ്ഞത്. എന്താണ് ലണ്ടനില്‍ പോയതെന്ന് ചോദിച്ചപ്പോള്‍ ജോലിയാണെന്നാണ് പറഞ്ഞത്. ഞാനും ജോലിക്ക് തന്നെയാണ് പോയതെന്നും ഇന്ന് സമ്മേളനത്തിന് പോകുമെന്നുമാണ് അയാളെ അറിയിച്ചതെന്നും മുകേഷ് പറഞ്ഞു.

സമ്മേളനത്തിന്റെ രീതി അറിയാത്തത് കൊണ്ടാണ് തന്റെ അസാന്നിധ്യം ചര്‍ച്ചയായതെന്നാണ് മുകേഷ് പറയുന്നത്. സമ്മേളനത്തിന് എത്തുന്നത് പാര്‍ട്ടി തിരഞ്ഞെടുത്തിട്ടുള്ള പ്രതിനിധികളാണ്. ഞാന്‍ പ്രതിനിധിയല്ല, അതുകൊണ്ട് സമ്മേളനത്തിന് എത്തുന്നതിന് പരിമിതികളുണ്ടെന്നും മുകേഷ് പറഞ്ഞു. എന്നാല്‍, ലോഗോ പ്രകാശനം, അതിനോടൊപ്പം നടന്ന കബഡി മത്സരം തുടങ്ങിയവയിലെല്ലാം താൻ പങ്കെടുത്തിരുന്നുവെന്നും മുകേഷ് പറഞ്ഞു.