'പലസ്തീനൊപ്പമെന്ന് തരൂ‍ർ ആണയിട്ട് പറയുന്നുണ്ട്, പ്രസംഗത്തെ വക്രീകരിക്കാൻ ആരും നോക്കണ്ട'; വിവാദങ്ങൾ ചിലരുടെ അജണ്ടയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

 | 
p k kunhalikkutty

 ഹമാസ് ഭീകര സംഘടനയെന്ന ശശി തരൂ‍ർ പരാമർശത്തിൽ വിശദീകരണവുമായി മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പലസ്തീൻ ജനതയ്ക്കൊപ്പമെന്ന് ശശി  തരൂ‍ർ ആണയിട്ടു പറയുന്നുണ്ട്. പ്രസം​ഗത്തെ വക്രീകരിക്കാൻ ആരും ശ്രമിക്കേണ്ട. വിവാദങ്ങൾ ചിലരുടെ അജണ്ടയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ശശി തരൂരിനെ പങ്കെടുപ്പിച്ചത് ആഗോള ശ്രദ്ധ നേടിയെടുക്കാനാണ്. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ ശശി തരൂരിനോടാണ് ചോദിക്കേണ്ടത്. റാലിയെ വിമർശിക്കുന്നവർ ലീഗ് നടത്തിയ പോലെ പരിപാടി നടത്താനാണ് നോക്കേണ്ടത്. എന്നാൽ വരികൾക്കിടയിൽ കുത്ത് നോക്കാൻ ആണ് ചിലർ ശ്രമിക്കുന്നത്. വരികൾക്കിടയിൽ കുത്തും പുള്ളിയും നോക്കി വർത്തയാക്കേണ്ടതില്ല. റാലിയെ വിമർശിക്കുന്നവർ പലസ്തീൻ ജനതയെ ചെറുതായി കാണിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മുസ്ലിം ലീഗ് റാലിക്ക് വലിയ ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നേടി എന്ന സംതൃപ്തിയിലാണ് ലീഗ്. ലക്ഷക്കണക്കിന് ആളുകളാണ് റാലിയിൽ പങ്കെടുത്തത്. അത് സംഘടിപ്പിക്കുക അത്ര എളുപ്പമല്ല. മുസ്ലിം ലീ​ഗ് റാലി ലോക തലത്തിൽ ചർച്ച ചെയ്യപ്പെട്ടു. ലീഗ് ഒരു കേഡർ പാർട്ടിയായി എന്ന് നിരീക്ഷിച്ച ആളുകളുണ്ട്. എല്ലാവരും നടത്തിയ പ്രസംഗങ്ങൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ്. റാലിയിലെ കുറ്റവും കുറവും നോക്കുന്നവർ അത് പോലത്തെ പരിപാടികൾ സംഘടിപ്പിക്കട്ടെയെന്നും ലോകത്തെ പലസ്തീനൊപ്പം നിർത്താനാണ് ലീഗ് ശ്രമിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.