'പ്രതി ദയ അർഹിക്കുന്നില്ല'; അതിക്രൂരകൊലപാതകമെന്ന് കോടതി

 | 
aluva

കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം അതിക്രൂരമെന്ന് എറണാകുളം പോക്സോ കോടതി. പ്രതി ദയ അർഹിക്കുന്നില്ല എന്നും കോടതി പറഞ്ഞു. കേസിൽ വധ ശിക്ഷയാണ് പ്രതി അസ്ഫാക്ക് ആലത്തിന് വിധിച്ചിരിക്കുന്നത്. ഐപിസി 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളിൽ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. ശിശുദിനത്തിലാണ് അഞ്ചുവയസുകാരിക്ക് നീതി ലഭിച്ചത് എന്നൊരു പ്രത്യേകത കൂടി ഉണ്ട്.

പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെയും ആവശ്യം. 

അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.