പൊരുതുന്ന യുവതയുടെ മേൽവിലാസം; ഡിവൈഎഫ്ഐക്ക് 43 വയസ്
പൊരുതുന്ന യുവതയുടെ മേല്‍വിലാസമായ ഡി വൈ എഫ് ഐ രൂപീകൃതമായിട്ട് ഇന്നേക്ക് 43 വര്‍ഷം തികയുന്നു. പഞ്ചാബിലെ ലുധിയാനയില്‍ തുടങ്ങിയ പോരാട്ടം ഇന്നും തുടരുന്ന സംഘടന ഉച്ചഭക്ഷണ പദ്ധതി ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളുമായി നാടിനൊപ്പം മുന്നേറുകയാണ്. ഒരോ പിറനാള്‍ ദിനത്തിലും വ്യത്യസ്തമായ സാമൂഹ്യ ഇടപെടലുകള്‍ ആണ് ഡിവൈഎഫ് ഐ ഏറ്റെടുത്ത് നടത്തുന്നത്.
1980 നവംബര്‍ 3 ന് പഞ്ചാബിലെ ലുധിയാനയില്‍ ഡി വൈ എഫ് ഐ രൂപീകൃതമായത് തന്നെ എതിരാളികളുടെ സര്‍വ്വ വെല്ലുവിളികളെയും അതിജീവിച്ചാണ്. ഖാലിസ്ഥാന്‍ തീവ്രവാദികളുടെ വിഘടനവാദ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ നാട്ടില്‍ സമ്മേളനത്തിന്റെ തയ്യാറെടുപ്പിനിടയില്‍ തന്നെ അരുര്‍സിങ് ഗില്‍ എന്ന ചെറുപ്പക്കാരന്റെ ജീവന്‍ സംഘടനയ്ക്ക് നഷ്ടമായി. പക്ഷേ പോരാടുനുറച്ച യുവതയ്ക്ക് മുന്നില്‍ ഒന്നും തടസ്സമായിരുന്നില്ല.
തൂവെള്ളക്കൊടിയുടെ മേലെ മൂലയിലൊരു ചെന്താരകം, വെറുതെ ചുവന്നൊരു നക്ഷത്രമല്ല, പൊരുതി വന്ന വഴികളില്‍ തോക്കിന്‍ കുഴലിനുമുന്നിലും, എതിരാളികളുടെ കത്തിമുനത്തുമ്പിലും, പൊലീസിന്റെ ലാത്തിപ്പുറത്തും ഇറ്റുവീണ ചോരയങ്ങനെ പടര്‍ന്നു ചുവന്നതാണത്. അസമത്വത്തിനെതിരെ, തൊഴിലില്ലായ്മയ്‌ക്കെതിരെ, അസ്വാതന്ത്ര്യത്തിനെതിരെ, അനീതിക്കെതിരെ, അനാചാരങ്ങള്‍ക്കെതിരെ പോരാട്ടമുഖത്ത് പ്രതീക്ഷയാണ് ആ കൊടിയെന്നും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള യുവജന പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ.