നാല് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റു; അമ്മ അറസ്റ്റിൽ
നാല് ലക്ഷം രൂപയ്ക്ക് പെൺകുഞ്ഞിനെ വിറ്റ അമ്മയെ അറസ്റ്റ് ചെയ്തു . കൊൽക്കത്തയിലാണ് രൂപാലി മോണ്ഡൽ എന്ന അമ്മ 4 ലക്ഷം രൂപയ്ക്ക് ഒരു മാസം പ്രായമായ കുഞ്ഞിനെ വിറ്റത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ അമ്മയും കുഞ്ഞിനെ വാങ്ങിയ സ്ത്രീയും ഉൾപ്പെടെ നാലുപേർ പിടിയിലായി.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടി നൽകാൻ അവർക്ക് സാധിച്ചില്ല. തുടർന്ന് അമ്മ കുറ്റം സമ്മതിച്ചു. ഇതോടെ രൂപാലിയ്ക്കൊപ്പം രൂപ ദാസ്, സ്വപ്ന സർദാർ എന്നിവരെക്കൂടി പൊലീസ് പിടികൂടി. മൂന്ന് പേരെ ചോദ്യം ചെയ്തതിലൂടെ പൊലീസ് കുഞ്ഞിനെ വാങ്ങിയത് മിഡ്നാപൂർ സ്വദേശിനി കല്യാണി ഗുഹ എന്ന സ്ത്രീ ആണെന്ന് മനസിലാക്കുകയും ഇവരുടെ മുറിയിൽ നിന്ന് കുഞ്ഞിനെ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് 15 വർഷമായിട്ടും കുഞ്ഞുണ്ടാവാത്തതിനാൽ കല്യാണി ഗുഹ നിരാശയായിരുന്നു. ഇതേ തുടർന്നാണ് ഇവർ പണം നൽകി കുഞ്ഞിനെ വാങ്ങിയത്.