ഒട്ടകം രാജേഷിനെ തെരഞ്ഞ് പോയ വള്ളം മുങ്ങി പോലീസുകാരന് ദാരുണാന്ത്യം

 | 
Cop death

പോത്തന്‍കോട് കൊലപാതകക്കേസ് പ്രതിയായ ഗുണ്ട ഒട്ടകം രാജേഷിനെ തെരഞ്ഞ് പോയ പോലീസ് സംഘത്തിന്റെ വള്ളം മുങ്ങി പോലീസുകാരന്‍ മരിച്ചു. കൊല്ലം, അഞ്ചുതെങ്ങ് പണയില്‍ക്കടവിലാണ് അപകടമുണ്ടായത്. ആലപ്പുഴ പുന്നപ്ര സ്വദേശി ബാലു (27) ആണ് മരിച്ചത്. എസ്എപി ക്യാമ്പിലെ പോലീസുകാരനായിരുന്നു. വര്‍ക്കല സിഐയും മൂന്നു പോലീസുകാരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിന് എത്തിയത്. തുരുത്തിലേക്ക് പോകുന്നതിനിടെ കായലില്‍ വള്ളം മുങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ സിഐയെയും രണ്ട് പോലീസുകാരെയും രക്ഷപ്പെടുത്തി. ഇതിന് ശേഷമാണ് ബാലുവിനെ കാണാനില്ലെന്ന് മനസിലായത്.

നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തി തെരച്ചിലില്‍ അവശനിലയില്‍ ബാലുവിനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുധീഷ് വധക്കേസില്‍ ഇതുവരെ 10 പേരെ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ഒട്ടകം രാജേഷ്.