കണ്ണൂര്‍, ഉളിക്കലില്‍ കാട്ടാന ഇറങ്ങിയ സ്ഥലത്ത് മൃതദേഹം കണ്ടെത്തി; ഒരു കൈ അറ്റനിലയില്‍

 | 
Elephant

കണ്ണൂര്‍ ഉളിക്കലില്‍ കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങിയ പ്രദേശത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തി. കാട്ടാനായുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് കരുതുന്നു. നെല്ലിക്കാംപൊയില്‍ ആദൃശേരി ജോസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശരീരം മുഴുവന്‍ പരിക്കേറ്റ നിലയിലും ഒരു കൈ അറ്റുപോയ നിലയിലുമാണ്. ലത്തീന്‍ പള്ളിയുടെ പറമ്പിലാണ് മൃതദേഹം കിടന്നത്. 

ബുധനാഴ്ച ആനയിറങ്ങിയപ്പോള്‍ ജോസിനെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ആനയെ പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചതിനു ശേഷമാണ് ജോസിനെ കണ്ടത്. ആന വരുന്നുണ്ട് ഓടിക്കോ എന്ന് നാട്ടുകാരില്‍ ഒരാള്‍ ജോസിനോട് വിളിച്ചു പറഞ്ഞിരുന്നു. പരിഭ്രാന്തനായ ആനയെ കണ്ട് നാട്ടുകാര്‍ കൂട്ടമായി ഓടി രക്ഷപ്പെടുകയായിരുന്നു. 

ഇതിനിടെ ജോസിനെ ആന ആക്രമിച്ചതാകാമെന്ന് കരുതുന്നു. കര്‍ണാടക വനമേഖലയില്‍ നിന്ന് 12 കിലോമീറ്റര്‍ മാറിയുള്ള ഉളിക്കല്‍ ടൗണില്‍ ഇന്നലെ കാട്ടാന ഇറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു. തുടര്‍ന്ന് കടകളും സ്‌കൂളുകളും അടയ്ക്കുകയും നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ആന കാടുകയറിയത്.