ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങളാണ് ബുക്കിൽ ഉള്ളത്; റിയാസ്
ഇന്നു രാവിലെ മുതൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ ബോധപൂർവം തന്നെ മോശമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. സിപിഎം വിപുലീകൃത റാലി നടക്കുന്ന ദിവസം ഇ.ഡി കേസിലെ വിവരങ്ങൾ പുറത്തുവിട്ടത് എന്തിനാണെന്നും റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. മേയ് 27ന് കിട്ടിയ രേഖകളാണ് ഒരു ലക്ഷം പേരുടെ റാലി നടക്കുന്ന ദിവസം പുറത്തുവന്നിട്ടുള്ളത്. സമൂഹത്തിനു മുന്നിൽ തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്. കേസ് നടപടികൾ നിയമപരമായി നേരിടുമെന്നും റിയാസ് പറഞ്ഞു.
‘നമ്മൾ ബേപ്പൂർ’ എന്ന വാട്സാപ് ഗ്രൂപ്പിനെയാണ് ഹവാല ഇടപാടിനുള്ളതെന്ന് ഇ.ഡി പറയുന്നത്. എന്നാൽ ബേപ്പൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്കു വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് ഈ ഗ്രൂപ്പ്. ഇതിൽ മാധ്യമപ്രവർത്തകർ പൊതുജനങ്ങൾ എന്നിവരടക്കം അംഗങ്ങളാണ്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ എംഎൽഎമാരും ഇത്തരം ഗ്രൂപ്പുകൾ ഉണ്ടാക്കാറുണ്ടെന്നും റിയാസ് പറഞ്ഞു.
തന്റെ ഭാര്യ വീണ ഹവാല പണമിടപാട് സമ്മതിച്ചു എന്ന റിപ്പോർട്ടുകൾ ശുദ്ധ അസംബന്ധമാണ്. ഭാവിയിൽ പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള വിവരങ്ങളാണ് എഴുതിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതിയ കടലാസുകളെയാണ് റെഡ് ബുക്ക് എന്ന് ഇ.ഡി വിശേഷിപ്പിക്കുന്നത്. വീണയെ വീട്ടിലും ഓഫിസിലുമായി മൂന്നു വട്ടം ഇ.ഡി ചോദ്യം ചെയ്തു. ഹവാല ഇടപാടിനെ കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി വീണയോടു ചോദിച്ചിട്ടില്ലെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മികച്ച തിരക്കഥയാണ് ഇ.ഡി പുറത്തുവിട്ടത്. ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നൽകണമെന്നും റിയാസ് പരിഹസിച്ചു.
വീണയുടെ പക്കൽനിന്നും ഇ.ഡി കണ്ടെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും പണത്തിന്റെ കണക്കുകളുമാണ് ഇന്ന് പുറത്തുവന്നത്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ, മുൻമന്ത്രിയും ഭർത്താവുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവർ ഹവാല ഇടപാടിലൂടെ ദുബായിലേക്കു പണമയച്ചതിന്റെ വിവരങ്ങളാണ് ഇവയെന്നാണ് ഇ.ഡി പറയുന്നത്.
