ബൗളർമാർ തിളങ്ങി; കൊൽക്കത്തയ്ക്ക് മികച്ച വിജയം

ബാംഗ്ലൂരിനെ തോൽപ്പിച്ചത് 9 വിക്കറ്റിന്
 | 
Kkr

അബുദാബി: റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ മുൻനിര ബാറ്റർമാർ കളി മറന്ന ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നെറ്റ് റൈഡേഴ്സിന് വൻ വിജയം. ബാംഗ്ലൂർ ഉയർത്തിയ വിജയ ലക്ഷ്യമായ 92 റൺസ് 10 ഓവറും 9 വിക്കറ്റും ബാക്കി നിൽക്കെ കെകെആർ മറികടന്നു. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ ബാറ്റർമാരെ തളച്ച കൊൽക്കത്ത ബൗളർമാർമാരാണ് കളി അവർക്ക് അനുകൂലമാക്കിയത്.

ഓപ്പണർ ആയി ഇറങ്ങിയ വിരാട് കോഹ്‌ലി അഞ്ചു റൺസ് എടുത്തു പ്രദീഷിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി. എന്നാൽ ദേവദത്ത് പടിക്കൽ കളി മുന്നോട്ട് കൊണ്ടുപോയി. പക്ഷെ വരുൺ ചക്രവർത്തി, അന്ദ്രേ റസൽ എന്നിവർ വന്നതോടെ ബാംഗ്ലൂർ തകർച്ചയിലേക്ക് കൂപ്പുകുത്തി.

22 റൺസ് എടുത്ത ദേവദത്ത് ലോക്കി ഫെർഗൂസന്റെ പന്തിൽ പുറത്തായി, വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് 16 റൺസ് എടുത്തു റസലിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് ടീമിന്റെ പ്രതീക്ഷ ആയിരുന്ന ഗ്ലെൻ മാക്സ്വെൽ, എ ബി ഡിവില്ലേഴ്സ് എന്നിവർ പെട്ടന്ന് പുറത്തായി. മാക്സ്വെൽ (10) ചക്രവർത്തിക്ക് മുന്നിലും എബി ഡി(0) റസലിന് മുന്നിലും വീണു.

മലയാളി താരം സച്ചിൻ ബേബി(7), ലങ്കൻ താരം ഹസരംഗ(0) എന്നിവർ വന്നപോലെ പോയി. പത്തൊമ്പതാം ഓവറിൽ 92 ന് ടീം ഓൾ ഔട്ട് ആയി. ചക്രവർത്തി, റസൽ എന്നിവർ മൂന്ന് വിക്കറ്റ് വീതവും, ഫെർഗൂസൻ 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്തയെ ഓപ്പണർമാരായ ശുഭമൻ ഗിൽ, വെങ്കിടേഷ് അയ്യർ എന്നിവർ ചേർന്ന് വിജയത്തിലേക്ക് എത്തിച്ചു. ഗിൽ 34 പന്തിൽ 48ഉം വെങ്കിടേഷ് അയ്യർ 27 പന്തിൽ 41ഉം നേടി. ഒമ്പതാം ഓവറിൽ ചഹൽ ഗില്ലിനെ പുറത്താക്കി എങ്കിലും ആ ഓവറിൽ തന്നെ ടീം വിജയത്തിൽ എത്തി. 

വരുൺ ചക്രവർത്തി ആണ് മാൻ ഓഫ് ദി മാച്ച്.