നടിയെ ആക്രമിച്ച കേസില്‍ വിസ്താരം നീട്ടണം; പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍
നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. കേസിലെ തുടരന്വേഷണം പൂര്‍ത്തിയായ ശേഷമായിരിക്കണം സാക്ഷികളെ വിസ്തരിക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. 5 പുതിയ സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി.
വിസ്താരം 10 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജനുവരി 30ന് ഈ കാലാവധി അവസാനിക്കുമെന്നതിനാലാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വിസ്താരം 10 ദിവസത്തില്‍ പൂര്‍ത്തിയാക്കുകയെന്നത് പ്രായോഗികമല്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
തുടരന്വേഷണം നടക്കുന്നത് കൂടാതെ സാക്ഷികളില്‍ ചിലര്‍ കോവിഡ് പൊസിറ്റിവ് ആയതിനാലും ഒരാള്‍ കേരളത്തിന് പുറത്തായതിനാലും സമയപരിധിക്കുള്ളില്‍ വിസ്താരം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പുതിയ അപേക്ഷയില്‍ പ്രോസിക്യൂഷന്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിനോട് അനുബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെയും മറ്റ് നാല് പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.