കോഴിക്കോട് നിപ സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

 | 
Nipah

കോഴിക്കോട് നിപ മരണം സ്ഥിരീകരിച്ചതോടെ കർശന നടപടികളുമായി ആരോഗ്യ വകുപ്പ്. ചാത്തമംഗലത്ത്  മരിച്ച 12-വയസുകാരന് രോഗം വന്നതിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രിയോടെയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്.

പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്  അറിയിച്ചു. തുടർന്ന് അർധ രാത്രിയോടെ കുട്ടിയുടെ വീട് ഉൾപ്പെടുന്ന പ്രദേശം പോലീസെത്തി അടച്ചു.


ഈ വീടുൾപ്പെടുന്ന വാർഡിലേക്കുള്ള റോഡും അടച്ചു. 17 പേരെ ഇതിനകം നിരീക്ഷണത്തിലാക്കി. മരിച്ച കുട്ടിയുടെ അഞ്ചു ബന്ധുക്കളും ഇതിൽ ഉൾപ്പെടും. ഇതിനിടെ, കുട്ടിയുടെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. കുടുംബത്തിലെ ഏക മകനാണ് മരിച്ച 12-വയസുകാരൻ.

മാതാപിതാക്കളും കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളും അയൽവാസികളും നിരീക്ഷണത്തിലാണ്. വീടിന് മൂന്ന് കിലോമീറ്റർ പരിധിയിൽ റോഡുകൾ അടച്ചിട്ടുണ്ട്. സമീപത്തെ വാർഡുകളിലും ഭാഗികമായി നിയന്ത്രണം ഏർപ്പെടുത്തി. നേരത്തെ കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാനും ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ കുട്ടിക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യമാണ് അന്വേഷിക്കുന്നത്. കൂടുതൽ പരിശോധനകൾ വരുംദിവസങ്ങളിൽ നടന്നേക്കും.

അതേസമയം ആശങ്കവേണ്ടെ, എന്നാൽ കോഴിക്കോടിന് പുറമെ കണ്ണൂർ, മലപ്പുറം ജില്ലകളിലുള്ളവരും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.