സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; വിജയ് ചിത്രം ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ

ടിക്കറ്റ്  ബുക്കിങ് തുടങ്ങിയിരുന്നു
 | 
Actor Vijay TVK

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിൽ. ജനുവരി ഒമ്പത് വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് ഇതുവരെ കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റ് നൽകുന്നതിന് മനപ്പൂർവം കാലതാമസം വരുത്തുകയാണെന്ന് തമിഴക വെട്രി കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ ആരോപിച്ചു.

ഡിസംബർ 19 ന് തന്നെ സെൻസർ കമ്മറ്റി ചിത്രം കണ്ടതാണെന്നും എന്നാൽ ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും നിർമൽ കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. അടുത്ത നടപടികൾ സ്വീകരിക്കുന്നതിനായി സിബിഎഫ്സിയുമായും വിജയിയുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

‘’ഇത് രാഷ്ട്രീയ വിഷയമാക്കാനോ രാഷ്ട്രീയ മാനം നൽകുന്നതിനോ ഞങ്ങൾക്ക് താത്പര്യമില്ല. ഞങ്ങൾ കുറച്ച് സമയം കൂടി കാത്തിരിക്കും. എന്നാൽ വൈകാതെ തന്നെ തുടർനടപടികൾ സ്വീകരിക്കേണ്ടിവരും.’’- കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, 'ജന നായകൻ' നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിലെ സെൻസർ സർട്ടിഫിക്കറ്റും യഥാർത്ഥ തമിഴ് പതിപ്പ് സർട്ടിഫൈ ചെയ്തതിന് ശേഷം മാത്രമേ ലഭിക്കൂ. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഡബ്ബ് ചെയ്ത പതിപ്പുകളിലും ചിത്രം തിയേറ്ററുകളിൽ എത്തുന്നുണ്ട്.

അതേസമയം കേരളത്തിലടക്കം പല കേന്ദ്രങ്ങളിലും അതിരാവിലെയുള്ള ഷോകൾ ഉൾപ്പെടെയുള്ളവയ്ക്ക് ബുക്കിങ് തുടങ്ങിയിരുന്നു. ചിത്രം റിലീസ് നേരത്തേ നിശ്ചയിച്ച പ്രകാരം നടക്കുമോയെന്നുള്ള ആശങ്ക നിലനിൽക്കേയാണിത്. പലയിടത്തും ഷോകൾ ഹൗസ്ഫുള്ളാണെന്ന് ബുക്കിങ് സൈറ്റുകൾ വ്യക്തമാക്കുന്നു. ചിത്രം പ്രീ ബുക്കിങ്ങിലൂടെ മാത്രം 35 കോടി നേടിയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.