പ്രക്ഷോഭത്തില്‍ മരിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനാകില്ലെന്ന് കേന്ദ്രം

 | 
Farmers Protest

കര്‍ഷക സമരത്തില്‍ മരിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ ആരും മരിച്ചതായി അറിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത്തരം മരണങ്ങള്‍ സംബന്ധിച്ചുള്ള രേഖകള്‍ സര്‍ക്കാരിന്റെ കൈവശമില്ല. അതുകൊണ്ടുതന്നെ ധനസഹായം എന്ന വിഷയം നിലനില്‍ക്കുന്നില്ലെന്നാണ് കൃഷിമന്ത്രി നരേന്ദ്ര തോമര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

നവംബര്‍ 19നായിരുന്നു വിവാദ കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച പാര്‍ലമംന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ഇരുസഭകളിലും നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്തു. ഇതു സംബന്ധിച്ച് ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ നടപടി.

ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന പ്രക്ഷോഭത്തില്‍ മരിച്ച കര്‍ഷകര്‍ക്ക് ധനസഹായം നല്‍കണമെന്ന് സമരം ചെയ്ത കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ലെന്ന് കൃഷിമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നായിരുന്നു കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നതിനാല്‍ ധനസഹായം എന്ന ആവശ്യമുന്നയിച്ച് കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം തുടര്‍ന്നേക്കുമെന്നാണ് സൂചന.