സ്വപ്‌നയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍

 | 
Swapna

സ്വര്‍ണ്ണക്കടത്ത് കേസിനോട് അനുബന്ധിച്ചുള്ള കോഫെപോസ വകുപ്പില്‍ സ്വപ്‌ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍. കരുതല്‍ തടങ്കല്‍ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. സെന്‍ട്രല്‍ ഇക്കണോമിക് ഇന്റിലിജന്‍സ് ബ്യൂറോയിലെ സ്‌പെഷ്യല്‍ സെക്രട്ടറി, കോഫെപോസ ജോയിന്റ് സെക്രട്ടറി, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യുറോ ഡയറക്ടര്‍ ജനറല്‍, കമ്മീഷണര്‍ ഓഫ് കസ്റ്റംസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

മറ്റുളളവരുമായി സംഘം ചേര്‍ന്ന് കള്ളക്കടത്ത് നടത്തി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ സാധ്യതയുള്ളതിനാലാണ് സ്വപ്നയെ കരുതല്‍ തടങ്കലിലാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഒരു വ്യക്തിയെ കരുതല്‍ തടങ്കലില്‍വെക്കണമെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ സമാനമായ കുറ്റം ചെയ്യുമെന്ന് ഉറപ്പാക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ടെന്നും ഈ രേഖകള്‍ ഹാജരാക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കരുതല്‍ തടങ്കല്‍ റദ്ദാക്കിയത്.

എന്നാല്‍ ആവശ്യമായ രേഖകള്‍ പരിശോധിച്ച ശേഷമാണ് സ്വപ്ന സുരേഷിന്റെ കരുതല്‍ തടങ്കല്‍ ഉത്തരവ് ഇറക്കിയതെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അവകാശപ്പെടുന്നു. തടങ്കല്‍ കാലാവധി കഴിയാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഹൈക്കോടതി സ്വപ്നയുടെ കരുതല്‍ തടങ്കല്‍ റദ്ദാക്കിയത്.