കുസാറ്റ് ദുരന്തത്തിൽ മരിച്ച സാറ തോമസിന് ആദരാഞ്ജികൾ അർപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി

 | 
sara

 

കുസാറ്റ് ദുരന്തത്തിൽ മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി. താമരശേരി കോരങ്ങാട് അൽഫോൻസാ സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെയെത്തിയത്. കൊടുവള്ളി മണ്ഡലത്തിലെ നവകേരള സദസ് വേദിയിലേക്കുള്ള യാത്രാമധ്യേയാണ് ഇവർ താമരശേരിയിൽ എത്തിയത്. 

 

മന്ത്രിസഭ സഞ്ചരിക്കുന്ന പ്രത്യേക ബസിൽ എത്തിയ ഇവർ സാറയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. മന്ത്രി പി രാജീവും മന്ത്രി ആർ ബിന്ദുവും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കളമശ്ശേരിയിലേക്ക് പോയിരുന്നു. സാറയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. ദുരന്തത്തിൽ കൊല്ലപ്പെട്ട അതുൽ തമ്പിയുടെ മൃതദേഹം കൂത്താട്ടുകുളത്ത് സംസ്കരിച്ചു. കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു ചടങ്ങുകൾ. 

അപകടത്തിൽ കൊല്ലപ്പെട്ട പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. മരിച്ച പറവൂർ സ്വദേശിനി ആൻ റിഫ്തയുടെ സംസ്കാരം ചൊവ്വാഴ്ചയായിരിക്കും നടക്കുക. കുട്ടിയുടെ അമ്മ ഇറ്റലിയിൽ നിന്ന് എത്തിച്ചേരേണ്ടതിനാലാണ് ചടങ്ങുകൾ വൈകുക.