എംഎൽഎമാർ കരാറുകാരെ കൂട്ടി മന്ത്രിമാരെ കാണേണ്ട എന്നത് പാർട്ടി നയമെന്ന് മുഖ്യമന്ത്രി

ഷംസീർ- മുഹമ്മദ് റിയാസ് വിഷയത്തിൽ റിയാസിന്  പിൻതുണയുമായി മുഖ്യമന്ത്രി

 | 
pinarai and riyas


എംഎൽഎമാർ കരാറുകാരെ കൂട്ടി മന്ത്രിമാരെ ഓഫീസിൽ വന്നു കാണേണ്ടതില്ല എന്നത് പാർട്ടിയുടെ കാലങ്ങളായുള്ള നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടു സംസാരിക്കവെ ചോദ്യത്തിന് മറുപടിയായിട്ടാണ് അദേഹം ഇക്കാര്യം അറിയിച്ചത്. പണ്ട് താൻ വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് ഒരു എംഎൽഎ കരാറുകാരെനെ കൂട്ടി തന്നെ കാണാൻ വന്നിരുന്നു. അന്ന് ഇത് നിങ്ങളുടെ പണിയല്ല എന്നു പറഞ്ഞാണ് താൻ മടക്കി അയച്ചത്. അതേ നിലപാട് തന്നെയാണ് പാർട്ടിക്ക്. ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടികകത്ത് യാതൊരു ആശയക്കുഴപ്പവുമില്ലെന്നും മറ്റുവിഷയങ്ങൾ പിന്നീട് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

 എംഎൽഎമാർക്കൊപ്പമോ എംഎൽഎമാരുടെ ശുപാർശയിലോ കരാറുകാർ മന്ത്രിയെ കാണാൻ വരുന്നത് ശരിയല്ലെന്നും അത് തെറ്റായ പ്രവണത ആണെന്നുമായിരുന്നു ഇക്കഴിഞ്ഞ ഏഴാം തീയതി റിയാസ് നിയമസഭയിൽ നടത്തിയ പരാമർശം. ഇത് ജനപ്രതിനിധികളെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന വിമർശനം സിപിഎം നിയമസഭാ കക്ഷി  യോഗത്തിൽ ഉയർന്നതായുളള റിപ്പോർട്ടുകളോട് പ്രതികരിക്കവെ റിയാസ് തൻറെ നിലപാട് ആവർത്തിച്ചു.