രാജ്യം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ; പ്രധാനമന്ത്രി പതാക ഉയർത്തി.

 | 
Modi

രാജ്യം 75-ാമത് സ്വതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഡെൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി. പിന്നീട് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. കോവിഡ് കാരണം കനത്ത സുരക്ഷാ സംവിധാനങ്ങൾ ഇത്തവണ ഏർപ്പെടുത്തിയിരുന്നു. ഒളിമ്പിക്‌സ് ടീം അംഗങ്ങൾ ഇത്തവണ അതിഥികൾ ആയി പങ്കെടുത്തു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പടെ ഉള്ളവർക്ക് മോദി ആദരം അർപ്പിച്ചു. കോവിഡ് കാലത്തെ ആരോഗ്യപ്രവർത്തകരുടെ സേവനത്തെ രാജ്യം അംഗീകരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വർഷം നീണ്ട നിൽക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം പരിപാടിക്ക് തുടക്കമായി.

പൗരന്മാരുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടാത്ത രീതിയിൽ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും  വരാൻ പോകുന്ന  25 വര്‍ഷം ഇന്ത്യയുടെ ‘അമൃത് കാല്‍’ (ശുഭ സമയം) ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുക, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന ഭിന്നത കുറയ്ക്കുക, ജനങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്ക്കുക തുടങ്ങി ലോകത്തിലെ ഒരു രാജ്യത്തിനും പിന്നിലാകാതിരിക്കാന്‍ കഴിയാവുന്ന തരത്തിലുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക’ എന്നതാണ് അമൃത് കാലത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.  അമൃത് കാല തീരുമാനങ്ങളുടെ പൂര്‍ത്തീകരണം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം വരെ ഞങ്ങളെ കൊണ്ടുപോകും എന്നും മോദി പറഞ്ഞു.

കോവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യത്തെ മുഴുവൻ ആരോ​ഗ്യപ്രവർത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.രാജ്യത്തെ എല്ലാ സൈനിക് സ്‌കൂളുകളിലും പെൺകുട്ടികൾക്ക് പഠിക്കാമെന്നും, ഇതുകൂടാതെ ഗ്രാമങ്ങളിലേക്ക് കൂടുതല്‍ വികസന പദ്ധതികള്‍ എത്തിക്കുമെന്നും എല്ലാവര്‍ക്കും ഒരുപോലെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് സഹായം എത്തിക്കുമെന്നും കാര്‍ഷിക മേഖലയിലെ പരിഷ്‌കരണമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.