ദിലീപ് കേസിലെ വിഐപി ശരത് തന്നെയെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

 | 
VIP Dileep

പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപി ശരത് തന്നെയെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. ദിലീപിന്റെ സുഹൃത്തും ആലുവയിലെ സൂര്യ റെസ്റ്റോറന്റ് ഉടമയുമായ ശരത് ജി. നായര്‍ ആണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വിഐപി. ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറാം പ്രതിയായാണ് വിഐപിയെ ചേര്‍ത്തിരിക്കുന്നത്. ശരത്തിനെ കേസില്‍ പ്രതിചേര്‍ക്കും. 

ഇയാള്‍ ഒളിവിലാണെന്നാണ് സൂചന. ഏതാനും ദിവസമായി ഇയാളുടെ ഫോണ്‍ സ്വിച്ചോഫാണ്. തിങ്കളാഴ്ച ഇയാളുടെ വസതിയിലും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫ്‌ളാറ്റിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ദിലീപും ശരത്തും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 

ശരത്തിനെ നേരത്തേ ചോദ്യം ചെയ്യാന്‍ വിൡപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരം അനുസരിച്ചുള്ള അന്വേഷണത്തില്‍ കോട്ടയം സ്വദേശി മെഹബൂബ് അബ്ദുള്ളയാണ് വിഐപി എന്ന് സംശയിച്ചെങ്കിലും മെഹബൂബ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത് നിഷേധിച്ചിരുന്നു.