കാബൂൾ ആക്രമണത്തിൽ മരണസംഖ്യ 85 ആയി. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു.

 | 
kabul attack

കാബൂൾ വിമാനത്താവളത്തിന് സമീപം ഇന്നലെ(വ്യാഴാഴ്ച്ച) ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ എൺപത്തിയഞ്ച് പേർ മരിച്ചതായി താലിബാൻ അറിയിച്ചു. പതിമൂന്ന് അമേരിക്കൻ സൈനികർ മരിച്ചതായി പെന്റ​ഗണും സ്ഥിരീകരിച്ചിട്ടണ്ട്. 2011ലെ ചിനൂക്ക് ഹെലികോപ്റ്റർ ആക്രമണത്തിനു ശേഷം അമേരിക്കക്ക് അഫ്​ഗാനിലുണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന മരണമാണ് ഇന്നലത്തേത്. അന്ന് 30 പേരാണ് മരിച്ചത്.   

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ്ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.  ഖൊർസാൻ പ്ര്യവിശ്യ വിഭാ​ഗമാണ് ആക്രമണം സംഘടിപ്പിച്ചതെന്നാണ് അറിയുന്നത്. ഇതിനെതിരെ ശക്തമായ തിരിച്ചടി നേരിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. 

മരിച്ചവരുടെ കൂ‌ട്ടത്തിൽ 28 താലിബാൻ അം​ഗങ്ങളുമുണ്ടെന്ന് സംഘടന അറിയിച്ചു. അമേരിക്കൻ സൈന്യത്തേക്കാൾ നഷ്ടം തങ്ങൾക്കാണ് ഉണ്ടായതെന്ന് പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത ഒരു താലിബാൻ വക്താവ് വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വിടാനുള്ള അവസാന തിയ്യതി നീട്ടില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു. 

തീവ്രാദി ആക്രമണത്തിന് മുൻപ് തന്നെ തങ്ങൾ പൗരൻമാരേയും സൈനീകരേയും പിൻവലിച്ചിട്ടുണ്ടായിരുന്നെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസ് പറഞ്ഞു. അഫ്​ഗാനിലെ ഒഴിപ്പിക്കൽ പ്രവർത്തനങ്ങളിൽ നിന്ന് നോർവെ പിൻമാറിയതായി അവരുടെ വിദേശകാര്യമന്ത്രി അറിയിച്ചു.  ഓ​ഗസ്റ്റ് 14 മുതലുള്ള അമേരിക്കൻ ഒഴിപ്പിക്കലിൽ ഒരു ലക്ഷം പേരാണ് അഫ്​ഗാനിസ്ഥാനിൽ നിന്നും രക്ഷപെട്ടത്.