തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു, ആർക്കുവേണമെങ്കിലും പരാതി കൊടുക്കാം; രാഹുൽ മാങ്കൂട്ടത്തിൽ ​​​​​​​

 | 
rahul


യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടന്നതെന്ന് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആർക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നൽകും. അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

 'പരാതിയുണ്ടായ സാഹചര്യത്തെകുറിച്ച് വ്യക്തതയില്ല. മാധ്യമങ്ങളിലൂടെയാണ് പരാതിയെക്കുറിച്ച് അറിഞ്ഞത്. സാധാരണക്കാർ പരാതി കൊടുത്താൽ പൊലീസ് നീതിയുക്തമായി കേസ് അന്വേഷിക്കാറില്ല. ഡിവൈഎഫ്‌ഐ കൊടുത്താലെങ്കിലും നിഷ്പക്ഷമായി അന്വേഷിക്കട്ടെ. ഇത്തരം ആരോപണങ്ങൾ വരുമ്പോഴാണ് ഡിവൈഎഫ്‌ഐ എന്ന പേര് പോലും കേൾക്കുന്നത്. മറിയക്കുട്ടി വിഷയത്തിൽ ഡിവൈഎഫ്‌ഐയുടെ പേര് എവിടെയും കേട്ടിട്ടില്ല. പേര് വരാനെങ്കിലും ഡിവൈഎഫ്‌ഐ ഇത്തരം ആരോപണങ്ങൾ ഉയർത്തട്ടെ.' എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

കെ സുരേന്ദ്രൻ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനും ഉള്ളതാണെന്നാണ് സുരേന്ദ്രന്റെ ധാരണ. ഇടക്കെങ്കിലും വാർത്തകളിൽ പേര് വരാനായിരിക്കാം ഇത് ചെയ്തിട്ടുണ്ടാവുകയെന്നും രാഹുൽ പറഞ്ഞു. ഒന്നരലക്ഷം വ്യാജ ഐഡി കാർഡ് നിർമ്മിച്ചുവെന്ന ആരോപണം സ്ഥിരീകരിച്ചിട്ടില്ല. ഏതെങ്കിലും ആപ്പിലൂടെ വോട്ട് രേഖപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.