ഈ മാസത്തിനകം ഒഴിപ്പിക്കൽ പൂർത്തിയാവില്ല, അഫ്​ഗാനിൽ ആശങ്കയോടെ അമേരിക്ക

 | 
kabul

താലിബാൻ നൽകിയ അവസാന തിയ്യതിയായ ഓ​ഗസ്റ്റ് 31നകം അഫ്​ഗാനിസ്ഥാനിൽ നിന്നും പൗരൻമാരെ ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് അമേരിക്ക. കാലാവധി നീട്ടിനൽകില്ലെന്ന് താലിബാൻ വ്യക്തമാക്കിയ സാഹചര്യത്തിൽ എന്ത് നിലാപാടായിരിക്കും അമേരിക്ക സ്വീകരിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അടുത്ത ഇരുപത്തിനാല് മണിക്കൂറിനകം പ്രസിഡന്റ് ബൈഡൻ ഇക്കാര്യത്തിൽ ഒരു നിലപാട് സ്വീകരിച്ചേക്കും. 

കാബൂൾ വഴി സൈനീക വിമാനങ്ങളും യാത്രാ വിമാനങ്ങളും ഉപയോ​ഗിച്ച് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം പതിനായിരം പേരെ എയർലിഫ്റ്റ് ചെയ്തു. ഓ​ഗസ്റ്റ് 31നകം ഒഴിപ്പിക്കൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന അഭിപ്രായം ജർമ്മനി. ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇതുവരെ നാൽപ്പത്തിയെട്ടായിരം പേരെ ഒഴിപ്പിച്ചതായാണ് അമേരിക്ക അറിയിച്ചത്. 

ഒരുവശത്ത് ഒഴിപ്പിക്കൽ നടക്കുമ്പോഴും കാബൂൾ വിമാനത്താവളത്തിന് ചുറ്റും ആയിരക്കണക്കിനാളുകളാണ് കൂടിനിൽക്കുന്നത്. അഫ്​ഗാനിസ്ഥാൻ പൗരൻമാർ ഏതുവിധേനയും രക്ഷപെടാനുള്ള വഴി നോക്കുന്നുണ്ട്. അതേസമയം പ്രതികാര നടപടികളുമായി താലിബാൻ മുന്നോട്ട് പോകുന്നു. അമേരിക്കൻ സേനക്ക് ദ്വിഭാഷിയായി പ്രവർത്തിച്ചയാളുടെ സഹോദരന് താലിബാൻ വധശിക്ഷ വിധിച്ചു. അമേരിക്കയെ സഹായിച്ചു, സഹോദരന് സുരക്ഷയൊരുക്കി എന്നിവയാണ് കുറ്റങ്ങൾ. ചില സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകളും നടക്കുന്നുണ്ട്.