പിആർഎസ് വായ്പയുടെ ബാധ്യത കർഷകന് ഉണ്ടാകുന്നില്ല; പൂർണ്ണമായും സർക്കാരാണ് അടയ്ക്കുന്നതെന്ന് മന്ത്രി ജി ആർ അനിൽ
പിആർഎസ് വായ്പയുടെ ബാധ്യത കർഷകനുണ്ടാകുന്നില്ലെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. വായ്പ പൂർണ്ണമായും സർക്കാരാണ് അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ, തകഴിയിലെ കർഷക ആത്മഹത്യ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നുള്ള പദ്ധതിയാണ്. 28 രൂപ 20 പൈസയിൽ 20 രൂപ 60 പൈസ കേന്ദ്രവും 7 രൂപ 80 പൈസ സംസ്ഥാന സർക്കാരും ഇൻസെന്റീവായി നൽകിക്കൊണ്ടാണ് നെല്ല് സംഭരിക്കുന്നത്.
നെല്ല് സംഭരണത്തിന്റെ നടപടികളെല്ലാം പൂർത്തിയായി പ്രോസസ് ചെയ്ത് എൻഎഫ്എസ്എ ഗോഡൗണിലൂടെ റേഷൻ കടകളിലെത്തി വിതരണം നടത്തിയതിനു ശേഷമാണ് ഇതിന്റെ പണം കേന്ദ്രസർക്കാർ സെറ്റിൽ ചെയ്യുന്നത്. അതിന് ആറു മാസത്തോളം സമയം എടുക്കും. കർഷകന് പണം കിട്ടുന്നത് വൈകാതിരിക്കാനാണ് പിആർഎസ് വായ്പയിലൂടെ പണം നൽകാൻ തീരുമാനിച്ചത്.
ഇത്തവണയും ഇത്തവണയും സംഭരിച്ച നെല്ലിന്റെ പണം 13-ാം തീയതി മുതൽ വിതരണം ചെയ്യാനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അവസാന സീസണിൽ കുറച്ച് വൈകിയ ഒരു സാഹചര്യത്തിലാണ് അത് ഉണ്ടാകാതിരിക്കാൻ ശ്രദ്ധാപൂർവമായ ഇടപെടൽ ഇപ്പോൾ നടത്തിയിട്ടുള്ളത്. എല്ലാ കർഷകർക്കും സമയബന്ധിതമായി പണം കൊടുക്കാനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 170 ഓളം കോടി രൂപ ഇപ്പോൾ കൊടുക്കാൻ സജ്ജമാണ്. 200 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന തുക കേന്ദ്ര സർക്കാരിൽനിന്ന് വൈകിയാലും എന്തു വേണമെന്ന് അതിനെ സംബന്ധിച്ച് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് തകഴി, കുന്നുമ്മ സ്വദേശി കെ ജി പ്രസാദ് ആത്മഹത്യ ചെയ്തത്. സർക്കാർ സംഭരിച്ച നെല്ലിന്റെ പണം കിട്ടിയില്ലെന്നും പിആർഎസ് വായ്പയുടെ ബാധ്യത മൂലം ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടെന്നും പ്രസാദ് സുഹൃത്തിനോട് ഫോണിൽ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു.