റിവ്യൂ നിർത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്കിഷ്ടമുള്ള സിനിമ കാണും; മമ്മൂട്ടി
റിവ്യൂ ബോംബിങ്ങിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയതുകൊണ്ട് സിനിമ രക്ഷപെടില്ലെന്നും പ്രേക്ഷകർ കാണണമെന്ന് തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും മമ്മൂട്ടി പറഞ്ഞു. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകൾ തിയറ്ററിൽ എത്തേണ്ടത് എന്നും താരം വ്യക്തമാക്കി. 'കാതലി'ൻറെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാൻ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിർത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാർ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകർ അവർക്ക് ഇഷ്ടമുള്ള സിനിമയാണ് തീരുമാനിക്കുന്നത്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്. അത് നമ്മുടെ അഭിപ്രായങ്ങൾ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോൾ നമ്മുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്" മമ്മൂട്ടി പറഞ്ഞു.