മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചത് സിഐയുടെ പെരുമാറ്റമെന്ന് എഫ്‌ഐആര്‍

 | 
Mofia CI

ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐ സുധീറിനെതിരെ പരാമര്‍ശവുമായി എഫ്‌ഐആര്‍. സുധീറിന്റെ പെരുമാറ്റമാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ്‌ഐആര്‍ പറയുന്നു. ഗാര്‍ഹിക പീഡനം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനായാണ് ഇരു കൂട്ടരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.

സംസാരത്തിനിടെ മോഫിയ ഭര്‍ത്താവ് സുഹൈലിന്റെ മുഖത്തടിച്ചു. ഇതോടെ സിഐ മോഫിയയോട് കയര്‍ത്ത് സംസാരിച്ചുവെന്നും സിഐയില്‍ നിന്ന് തനിക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നും എഫ്‌ഐആര്‍ പറയുന്നു. മോഫിയയുടെ ആത്മഹത്യയില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

സിഐക്കെതിരെ നടപടിയെടുക്കണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിരുന്നു. ആരോപണ വിധേയനായ സുധീറിനെ പോലീസ് ആസ്ഥാനത്തേക്ക് മാറ്റുകയും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.