വിദേശിയെ അവഹേളച്ചിട്ടില്ല; ഗ്രേഡ് എസ്.ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി

 | 
Kovalam

കോവളത്ത് വിദേശിയായ സ്റ്റീഫനെ അവഹേളിച്ച സംഭവത്തിൽ സസ്പെൻഷനിലായ  ഗ്രേഡ് എസ്ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗ്രേഡ് എസ് ഐ ഷാജി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേനയാണ് പരാതി നൽകിയത്. പുതുവർഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് ചെയ്തതെന്നും പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിദേശിയോട് മോശമായി സംസാരിച്ചിട്ടില്ല. മദ്യം കളയാൻ ആവശ്യപ്പെട്ടില്ലെന്നും  ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥനാണ് താനെന്നും പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്. തനിക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. കോവളത്ത് റൂം ബുക്ക് ചെയ്തിരുന്നവർ ബില്ലുൾപടെ മദ്യവുമായി വന്നപ്പോൾ കടത്തി വിട്ടിരുന്നുവെന്നും ഷാജി പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

അതേസമയം സ്വീഡിഷ് പൗരനായ സ്റ്റീഫൻ മറ്റൊരു പരാതിയുമായി ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി. തന്‍റെ പേരിലുള്ള ഹോം സ്റ്റേ കയ്യേറിയതില്‍ നടപടി ആവശ്യപ്പെട്ടാണ് സ്റ്റീഫൻ ഫോർട്ട് അസി. കമ്മീഷണറെ സമീപിച്ചത്. കോവളം വെള്ളാറിൽ ഹോം സ്റ്റേ നിർമ്മിക്കാൻ സ്വന്തം കമ്പനിയുടെ പേരിൽ ഒന്‍പത് സെന്‍റ് വസ്തു സ്റ്റീഫൻ വാങ്ങിയിരുന്നു. രണ്ട് പേരിൽ നിന്നാണ് ഭൂമി വാങ്ങിയത്. മുൻ ഭൂ ഉടമയുടെ ബന്ധു ഹോം സ്റ്റേയിൽ കയ്യേറി താമസിക്കുന്നതായും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് ഫോർട്ട് അസി. കമ്മീഷണറെ കണ്ട് സ്റ്റീഫൻ അറിയിച്ചത്. സ്വത്ത് തർക്ക കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണിയിലാണ്. അഭിഷകനുമായി ആലോചിച്ച് പൊലീസിൽ രേഖാമൂലം പരാതി നൽകുമെന്നും സ്റ്റീഫൻ പറയുന്നു. ഇന്നലെ മന്ത്രി ശിവൻകുട്ടിയെ സന്ദർശിച്ചപ്പോഴും ഹോം സ്റ്റേ നടത്തിപ്പ് പ്രതിസന്ധിയിലാണന്ന് സ്റ്റീഫൻ അറിയിച്ചിരുന്നു.