കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി മലപ്പുറത്ത് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ രാവിലെ 9.30ഓടെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ പെണ്‍കുട്ടി ഇരയായ മൂന്ന് പോക്‌സോ കേസുകള്‍ മലപ്പുറം കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലും കോഴിക്കോട് ഫറോക്ക് പോലീസ് സ്‌റ്റേഷനിലും നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അമ്മയും ഇളയ സഹോദരനും ഒപ്പം തേഞ്ഞിപ്പലത്തെ വാടകവീട്ടിലായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇളയ കുട്ടിയെ സ്‌കൂളിലാക്കാന്‍ പോയ സമയത്താണ് സംഭവം നടന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. തിരികെയെത്തിയതിന് ശേഷം ഭക്ഷണം കഴിക്കാനായി പെണ്‍കുട്ടിയെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഫോണില്‍ വിളിച്ചു നോക്കിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്ന് വാതിലിന് മുകളിലെ കിളിവാതിലിലെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ച് വാതില്‍ ചവിട്ടിത്തുറന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)