റോബിൻ ബസിനെതിരെ നടപടിക്കൊരുങ്ങി സർക്കാർ; പെർമിറ്റ് ഉൾപ്പടെ റദ്ദാക്കിയേക്കും

 | 
robin

 തുടർച്ചയായ നിയമനലംഘന നടത്തിയതിന് റോബിൻ ബസിൻ്റെ പെർമിറ്റ് റദ്ദാക്കാൻ സാധ്യത. സർക്കാർ നിയമപരമായിട്ടേ മുന്നോട്ട് പോകൂ. ഇതിനായുള്ള ആലോചനകൾ തുടങ്ങിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 

ചില മുൻ ന്യായാധിപരും പൊലീസ് ഉദ്യോഗസ്ഥരും റോബിൻ ചെയ്യുന്നത് ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. സർക്കാർ ചെയ്യുന്നതാണ് തെറ്റെന്ന് പരസ്യമായി ജനങ്ങളോട് പറഞ്ഞപ്പോഴാണ് അവർ ആശയക്കുഴപ്പത്തിലായത്. എന്നാൽ സർക്കാർ നിലപാട് ശരിവെച്ചുകൊണ്ടുള്ളതാണ് ഹൈക്കോടതി വിധിയെന്നും മന്ത്രി പറഞ്ഞു.

അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാരേജ് ആയി സർവീസ് നടത്തുന്നത് കെഎസ്ആർടിസി ഉൾപ്പടെയുള്ള സ്റ്റേജ് കാരേജ് വാഹനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. റോബിൻ ബസ് ഉൾപ്പടെയുള്ള ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ ചട്ടം ലംഘിച്ചാൽ നടപടി സ്വീകരിക്കാൻ സർക്കാരിന് കരുത്ത് പകരുന്നതായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.