സര്‍ക്കാര്‍ നയം അറിയാത്തയാളല്ല ഗവര്‍ണര്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

 | 
Pinarayi And Governer

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നയം അറിയാത്തയാളല്ല ഗവര്‍ണര്‍ എന്ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ് എല്‍ഡിഎഫ് നയം. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മികവ് സര്‍വകലാശാലകളിലും കൊണ്ടുവരേണ്ടതുണ്ട്. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ അടക്കം ഇക്കാര്യം പരാമര്‍ശിച്ചതാണ്.

ഗവര്‍ണറുടെ മനസാക്ഷിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നില്ല. ഗവര്‍ണറുടെ അധികാരം കവര്‍ന്നെടുക്കാന്‍ ശ്രമിച്ചിട്ടില്ല. സര്‍ക്കാരിന് ഒരു കാര്യത്തിലും വാശിയില്ല. ചാന്‍സലര്‍ പദവി മോഹിപ്പിക്കുന്ന പദവിയല്ലെന്നും ഗവര്‍ണര്‍ തന്നെ ചാന്‍സലര്‍ സ്ഥാനത്തു തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മുന്നോട്ടു പോകരുത് എന്ന് കരുതുന്ന ചിലരുണ്ട്. അവരുടെ പിന്തിരിപ്പന്‍ പ്രചാരണങ്ങളില്‍ ഗവര്‍ണര്‍ വീണുപോകരുത്. ഇനിയും ഗവര്‍ണറുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷ്യം കൈവരിക്കാന്‍ ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കുറവ് തുറന്നു പറഞ്ഞാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാലികമായി പരിഷ്‌കരിക്കാന്‍ ആസൂത്രിത ഇടപെടല്‍ നടത്തണം. എല്ലാം തികഞ്ഞു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. മികവാര്‍ന്ന അക്കാഡമിക് വിദഗ്ദ്ധരെയാണ് സര്‍വകലാശാലകളുടെ തലപ്പത്ത് കൊണ്ടുവന്നത്. 24 മണിക്കൂര്‍ അധ്യാപനം നടത്താത്തവര്‍ പോലും മുന്‍പ് വിസിയായിട്ടുണ്ട്. അത്തരം പരാതി എല്‍ഡിഎഫിന് എതിരെയില്ല.

ഗവര്‍ണറെ അവഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്കണ്ഠ അറിയിക്കുന്ന കത്ത് ഗൗരവത്തോടെയാണ് കണ്ടത്. കത്തിന് സര്‍ക്കാര്‍ ഉടന്‍ തന്നെ മറുപടി നല്‍കി. ധനകാര്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥ സംഘവും ഗവര്‍ണറെ നേരിട്ടു കണ്ടു. താന്‍ ഗവര്‍ണറുമായി ഫോണില്‍ സംസാരിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.