ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു. ഹരിത നേതാക്കള്‍ അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് മുസ്ലീം ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. കാലഹരണപ്പെട്ട കമ്മിറ്റിയാണ് ഇതെന്നും പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും സലാം വ്യക്തമാക്കി.
എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നാണ് സൂചന. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ പി കെ നവാസിനും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.
സംഘടനാ യോഗത്തിനിടെ പി.കെ.നവാസ് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. സംഘടനാ കാര്യങ്ങളില്‍ വനിത നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിച്ചപ്പോള്‍ ''വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ എന്നാണ് പരാമര്‍ശിച്ചത്'. ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.
വിഷയത്തില്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും ഹരിത നേതാക്കള്‍ അറിയിച്ചിരുന്നു. പിന്നീട് മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ എംഎസ്എഫ് നേതാക്കള്‍ മാപ്പു പറയണമെന്നും ഹരിത പരാതി പിന്‍വലിക്കണമെന്നും നിര്‍ദേശിച്ചു.
ഇതനുസരിച്ച് പി.കെ.നവാസ് ഫെയിസ്ബുക്കില്‍ ഖേദപ്രകടനം നടത്തിയെങ്കിലും കുറ്റം നിഷേധിക്കുകയായിരുന്നു. ഇതിന് ശേഷമാണ് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് ഹരിത പ്രതികരിച്ചത്.