പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയില്‍ ജിഎസ്ടി കൗണ്‍സില്‍

 | 
High Court

പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍. പ്രധാന വരുമാന സ്രോതസ്സാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍. അതിനാല്‍ ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കൗണ്‍സില്‍ അറിയിച്ചു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വലിയ വരുമാന നഷ്ടമുണ്ടാകുന്ന നടപടികളിലേക്ക് പോകാന്‍ കഴിയില്ലെന്ന് നേരത്തേ ഹൈക്കോടതിയില്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനങ്ങള്‍ കൃത്യമായി വിശദീകരിക്കുന്ന സത്യവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിശദമായ സത്യവാങ്മൂലം ജിഎസ്ടി കൗണ്‍സില്‍ നല്‍കിയിരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ ജിഎസ്ടി കൗണ്‍സില്‍ പറഞ്ഞു.