കൊവിഷീൽഡിൻറെ ഇടവേള കുറച്ച് ഹൈക്കോടതി; 28 ദിവസത്തിന് ശേഷം പെയ്ഡ് വാക്സീനെടുക്കാം

 | 
high court

കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 28 ദിവസമായി കുറച്ച് കേരള ഹൈക്കോടതി. കൊവിഷിൽഡിൻ്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം പെയ്ഡ് വാക്സിനായി സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ സർക്കാർ നൽകുന്ന സൗജന്യ വാക്സീന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്സ് ​ഗ്രൂപ്പ് നൽകിയ ഹ‍ർജിയിലാണ് ഹൈക്കോടതിയുടെ വിധി. കൊവിഷീൽഡ് വാക്സീൻ്റെ ഇടവേള കുറയ്ക്കുന്നതിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. എന്നാൽ ഈ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.


ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.  2021 ജനുവരിയിൽ വാക്സീനേഷൻ പ്രക്രിയ ആരംഭിക്കുമ്പോൾ കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച അഥവാ 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയർത്തിയിരുന്നു. വാക്സീൻ്റെ ​ഗുണഫലം വ‍ർധിപ്പിക്കാനാണ് ഇടവേള വർധിപ്പിച്ചതെന്നായിരുന്നു സർക്കാർ വാദം. 

രോ​ഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ തങ്ങളുടെ ജീവനക്കാർക്ക് പെട്ടെന്ന് വാക്സീൻ നൽകാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് ​ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. മുഴുവൻ ജീവനക്കാർക്കുമായുള്ള വാക്സീൻ തങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുകയും ആദ്യഡോസ് നൽകുകയും ചെയ്തുവെന്നും എന്നാൽ സർക്കാർ നിശ്ചയിച്ച 84 ​ദിവസത്തെ ഇടവേള വരെ വാക്സീൻ കേടാകാതെ സൂക്ഷിക്കാനാവില്ലെന്നും അതിനാൽ അടിയന്തരമായി രണ്ടാം ഡോസ് നൽകാൻ അനുമതി വേണം എന്നായിരുന്നു കിറ്റക്സിൻ്റെ ആവശ്യം. 

84 ദിവസം എന്ന ഇടവേള രാജ്യത്താകമാനം നടപ്പാക്കപ്പെടുന്നില്ലെന്ന് വിധിയിൽ ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. അടിയന്തരമായി വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും മറ്റു പ്രൊഫഷണലുകൾക്കും നിലവിൽ 28 ദിവസത്തെ ഇടവേളയിൽ വാക്സീൻ എടുക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്തെ പൗരൻമാർക്ക് രണ്ട് തരം നീതി വാക്സീൻ്റെ കാര്യത്തിൽ നടപ്പാക്കുന്നത് ശരിയല്ല. സ്വന്തം പണം മുടക്കി വാക്സീൻ സ്വീകരിക്കുന്നവർക്കെങ്കിലും 28 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാൻ അനുമതി നൽകണമെന്ന് വിധിയിൽ ഹൈക്കോടതി വ്യക്തമാക്കി. 

സർക്കാർ ആശുപത്രികൾ വഴിയുള്ള സൗജന്യ വാക്സീൻ സ്വീകരിക്കുന്നവർക്ക് നിലവിലെ പോലെ 84 ദിവസത്തെ ഇടവേളയിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കാം. വാക്സീൻ ഇടവേള കുറച്ച് കൊണ്ട് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി കോവിൻ ആപ്പിലും വെബ്സൈറ്റിലും ഉൾപ്പെടുത്താനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 

84 ദിവസത്തെ ഇടവേള നിശ്ചയിക്കാൻ കാരണമെന്താണെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചിരുന്നു. ഇടവേള വ‍ർധിപ്പിച്ചാൽ കൊവിഷിൽഡിന്റെ ​ഗുണഫലം കൂടുമെന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി.എന്നാൽ അന്തിമവിധിയിൽ ഈ വാദത്തിന് ശാസ്ത്രീതമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.