ദിലീപ് അടക്കമുള്ള പ്രതികളെ അടുത്ത 3 ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി

ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി
 | 
Dileep

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെ  ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവ്. ഇടക്കാല ഉത്തരവിലാണ്  ജസ്റ്റിസ് പി ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിർദേശിച്ചു. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. 

 രാവിലെത്തൊട്ട് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇനി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ കേസ് തീർപ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികൾ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി. ഏത് അന്വേഷണത്തിനും തയാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാന്‍ തയാറാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.  

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. 

ദിലീപിനെതിരെ അസ്വസ്ഥതപ്പെടുത്തുന്ന ചില തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയവയിൽ ഉണ്ടെന്ന് ഹൈക്കോടതി ഉച്ച തിരിഞ്ഞ് സിറ്റിംഗ് തുടങ്ങിയപ്പോൾ പറഞ്ഞിരുന്നു. ഈ തെളിവുകൾ പരിശോധിച്ചാൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്നും സൂചനയുണ്ട് എന്നും കോടതി വ്യക്തമാക്കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകൾ പരിശോധിച്ചതിൽ നിന്ന് അതിൽ ചില ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട് എന്ന് കോടതി വ്യക്തമാക്കുന്നു. അത് പ്രധാനപ്പെട്ടതാണ്. അന്വേഷണം തടയാനാകില്ലെന്നും, അന്വേഷണം സുഗമമായി, സംരക്ഷിക്കപ്പെട്ട് മുന്നോട്ട് പോകേണ്ടത് അത്യാവശ്യം ആണ് - കോടതി നിരീക്ഷിക്കുന്നു. 

എതിരായി കോടതിയുടെ പരാമർശം വന്നോടെ അന്വേഷണവുമായി പൂർണമായും സഹകരിക്കാമെന്ന് ദിലീപിന്‍റെ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. വികാരപരമായി കേസ് വാദിച്ചിട്ട് കാര്യമില്ല. തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കണമെന്നും അവരാവശ്യപ്പെട്ടു. രാവിലെ മുൻകൂർ ജാമ്യം കിട്ടിയേ തീരൂ എന്ന് വാദിച്ചിരുന്ന ദിലീപിന്‍റെ അഭിഭാഷകർ പിന്നീട് അന്വേഷണത്തിനോട് സഹകരിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്.