കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം വളരെ വേദനാജനകം, പഴുതടച്ച അന്വേഷണം നടത്തി പോലീസ് കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്; രമേശ് ചെന്നിത്തല

 | 
chennithala

ഓയൂരിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം  വളരെ വേദനാജനകമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഡി ജി പിയുമായി സംസാരിച്ചപ്പോൾ കുട്ടിയെ എത്രയും പെട്ടന്ന് കണ്ടെത്തുമെന്നാണ് അറിയിച്ചത്. സംഭവത്തിൽ പൊലീസ് പഴുതടച്ച അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടികൊണ്ട് പോയത്. ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു കുട്ടിയെ കൊണ്ടുപോയത്.  വെള്ള നിറത്തിലുള്ള കാറിൽ ആണ് തട്ടിക്കൊണ്ടുപോയത്. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറഞ്ഞത്.