അധ്യാപകനെ അവഹേളിച്ച സംഭവം; നിയമനടപടിക്ക് ഒരുങ്ങി എറണാകുളം മഹാരാജാസ് കോളേജ്
കൊച്ചി: കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങി എറണാകുളം മഹാരാജാസ് കോളേജ്. സംഭവത്തെക്കുറിച്ച് പോലീസിൽ പരാതി നൽകാൻ കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചു.
സംഭവത്തിൽ കോളേജിലെ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിൽ കെഎസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കം ആറു വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അധ്യാപകനായ ഡോ. സി. യു പ്രിയേഷിന്റെ പരാതിയിലാണ് നടപടി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെഎസ് യു പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അധ്യാപകനെ മുഹമ്മദ് ഫാസിൽ അപമാനിച്ചിട്ടില്ലെന്നാണ് കെഎസ് യുവിന്റെ വിശദീകരണം.
ഇതുവരെയുള്ള അധ്യാപക ജീവിതത്തിൽ ഇത്തരമൊരു അപമാനം ഇതാദ്യമെന്നാണ് അപമാനിക്കപ്പെട്ട അധ്യാപകൻ പറഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ക്ലാസെടുക്കുമ്പോൾ മൊബൈൽ നോക്കുകയും ഷൂട്ട് ചെയ്യുകയും ചെയ്യുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നു. വീഡിയോയ്ക്ക് മോശം കമ്ന്റുകൾ വരുന്നു. ഇതെല്ലാം തന്നെ ഏറെ വിഷമിപ്പിച്ചു. കുടുംബവും സുഹൃത്തുക്കളുമുള്ളയാളാണ് താൻ. അതുകൊണ്ടുതന്നെ ഈ സംഭവം വളരെയേറെ വിഷമമുണ്ടാക്കിയെന്നും അധ്യാപകൻ പ്രിയേഷ് പറഞ്ഞു.
പരാതി ഏതെങ്കിലുമൊരു വിദ്യാർത്ഥിക്കെതിരെയല്ല. ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാലാണ് പരാതി നൽകിയത്. പരാതി കോളേജിനുള്ളിൽ തന്നെ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് അവരെ തിരുത്താൻ വേണ്ടിയാണ്. അല്ലാതെ ശത്രുത തീർക്കനല്ലെന്നും അദ്ദേഹം പറഞ്ഞു. കാഴ്ച പരിമിധിയുള്ള മറ്റ് അധ്യാപകർക്ക് ഈ അനുഭവമുണ്ടാകരുത്. ഇനി വിദ്യാർത്ഥികൾ ഈ തെറ്റ് ആവർത്തിക്കരുത്. തെറ്റുതിരുത്തി അവരെ കോളേജിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നതാണ് തന്റെ ലക്ഷ്യമെന്നും അധ്യാപകൻ പ്രിയേഷ് സി യു പറഞ്ഞു.