സത്യസന്ധമായ വിധിയല്ല, ലോകായുക്തയെ സർക്കാർ സ്വാധീനിച്ചു; ഹൈക്കോടതിയെ സമീപിക്കുമെന്ന് ആർഎസ് ശശികുമാർ
ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ വിധിയിൽ അത്ഭുതമില്ലെന്നും മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടെന്നും ഹർജിക്കാരൻ ആർ എസ് ശശികുമാർ. ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷൻ ബെഞ്ചിൽ നിന്ന് വിധി കിട്ടിയില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കുമെന്നും ആർഎസ് ശശികുമാർ പറഞ്ഞു.
ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലാത്ത വിധി പ്രസ്താവമാണിത്. നിർഭാഗ്യകരം എന്നേ പറയാൻ ഉള്ളൂ. സത്യസന്ധമായ വിധിയല്ല. കെ കെ രാമചന്ദ്രൻ നായരുടെ പുസ്തക പ്രകാശത്തിന് പോയ ജഡ്ജിമാർ, തലയിൽ മുണ്ടിട്ടുകൊണ്ട് ഇഫ്താർ പാർട്ടിക്ക് പോയ ന്യായാധിപൻമാർ, ഇത്തരത്തിലുള്ള ന്യായാധിപൻമാരിൽ നിന്നെല്ലാം സർക്കാരിന് അനുകൂലമായ വിധിയേ പ്രതീക്ഷിക്കുന്നുള്ളൂ. ഇത്തരമൊരു വിധി പറഞ്ഞതിന്റെ ഗുണം അവർക്ക് കിട്ടും. കെ ടി ജലീലിന്റെ കേസിനേക്കാൾ ഗുരുതരമായ വീഴ്ചയാണ് ഈ കേസിൽ ഉണ്ടായിരിക്കുന്നത്. വിധിക്കെതിരെ ഹൈക്കോടതിയിൽ പോവുമെന്നും അവിടെ നിന്നും നീതി കിട്ടിയില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഹർജിക്കാരൻ പറഞ്ഞു.