ഉച്ചഭക്ഷണ പദ്ധതി; സർക്കാർ അനുവദിച്ച 55.16 കോടിരൂപ വ്യാഴാഴ്ചയ്ക്ക് മുൻപ് സ്കൂളുകൾക്ക് നൽകണമെന്ന് ഹൈക്കോടതി

 | 
high court

കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടി സർക്കാർ അനുവദിച്ച 55.16 കോടിരൂപ വ്യാഴാഴ്ചയ്ക്കു മുമ്പ് സ്കൂളുകൾക്ക് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിക്കുവേണ്ടി സർക്കാർ നേരത്തേ അനുവദിച്ച 100.02 കോടി രൂപയ്ക്കു പുറമേ 55.16 കോടിരൂപകൂടി അനുവദിച്ച് സെപ്റ്റംബർ 30ന് ഉത്തരവിറക്കിയതായി സർക്കാർ അഭിഭാഷകൻ വിശദീകരിച്ചപ്പോഴായിരുന്നു സിംഗിൾ ബെഞ്ചിന്റെ നിർദേശം.

പ്രധാനധ്യാപകർ ചെലവാക്കിയ തുക അനുവദിക്കാൻ സർക്കാരിന്‌ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷനടക്കം നൽകിയ ഹർജികളിൽ ജസ്റ്റിസ് ടിആർ രവിയാണ് ഉത്തരവ് നൽകിയത്. ഹർജികൾ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഈ അധ്യയനവർഷം മുഴുവൻ ഉച്ചഭക്ഷണം നൽകാൻ ഈ തുക മതിയാകുമോയെന്നും ഇല്ലെങ്കിൽ അധിക തുക എങ്ങനെ കണ്ടെത്തുമെന്നും സർക്കാർ വിശദീകരിക്കണം. അധ്യാപകർ ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടി തുക ചെലവിടണോ എന്നതിൽ ഇതിനുശേഷം തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.