ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ അടിച്ചുമാറ്റി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം മംഗലപുരം സ്‌റ്റേഷനില്‍ എസ്‌ഐ ആയിരിക്കെയാണ് സംഭവമുണ്ടായത്. ജൂണ്‍ 18ന് കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ പെരുമാതുറ സ്വദേശിയായ യുവാവിന്റെ മൊബൈലാണ് കാണാതായത്.
യുവാവിന്റേത് ആത്മഹത്യയാണെന്ന് പോലീസ് കണ്ടെത്തി. അന്ന് മംഗലപുരം എസ്.ഐ. ആയിരുന്ന ജ്യോതി സുധാകറിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെ മോഷണം നടന്നുവെന്നാണ് കരുതുന്നത്. ഫോണ്‍ കാണാനില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കാട്ടി യുവാവിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്.
പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ എസ്‌ഐ ഈ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതിനിടയില്‍ എസ്‌ഐക്ക് ചാത്തന്നൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. മോഷ്ടിച്ച ഫോണില്‍ ഔദ്യോഗിക സിം കാര്‍ഡാണ് എസ്‌ഐ ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.