കരിയിലക്കൂനയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു
കൊല്ലത്ത് കരിയിലക്കൂനയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ രേഷ്മയെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പരവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. അമ്മ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മ (22) മാത്രമാണ് കേസിലെ പ്രതി. ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ചിരുന്നു. കൊലപാതകം, നവജാതശിശുവിനെ ഉപേക്ഷിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് രേഷ്മക്കെതിരെ ചുമത്തിയത്.
ഭര്‍ത്താവ് വിഷ്ണു ഉള്‍പ്പെടെ 54 പേരാണ് സാക്ഷികള്‍. ജനുവരി 5നാണ് ചോരക്കുഞ്ഞിനെ കരിയിലക്കൂനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ജൂണ്‍ 22-നാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് കുഞ്ഞിന്റെ അമ്മ രേഷ്മയാണെന്ന് കണ്ടെത്തിയത്.
ഫേസ്ബുക്ക് കാമുകനായ അനന്തുവിനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മ മൊഴി നല്‍കിയത്. പക്ഷേ, അന്വേഷണത്തില്‍ അനന്തു എന്ന കാമുകനായി രേഷ്മയുമായി ചാറ്റ് ചെയ്തുകൊണ്ടിരുന്നത് ഭര്‍ത്താവിന്റെ സഹോദര ഭാര്യയായ ആര്യയും ബന്ധുവായ ഗ്രീഷ്മയും ആണെന്ന് കണ്ടെത്തി.
ഇവരെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചെങ്കിലും ഇരുവരും ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കേസിന്റെ വിചാരണ കൊല്ലം സെഷന്‍സ് കോടതിയില്‍ നടക്കും. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ രേഷ്മ ജാമ്യത്തിലിറങ്ങിയിരുന്നു.