റോബിൻ ബസ് വീണ്ടും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്; 7500 രൂപ പിഴ ഈടാക്കി

 | 
robin bus

മോട്ടോർ വാഹന വകുപ്പുമായി ഏറ്റമുട്ടൽ പ്രഖ്യാപിച്ച് ഓട്ടം തുടങ്ങിയ റോബിൻ ബസിനെ വീണ്ടും മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇന്ന് പുലർച്ചെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് കോയമ്പത്തൂരിലേക്കാണ് ബസ് സർവീസ് തുടങ്ങിയത്. അങ്കമാലിയിൽ വെച്ചാണ് എംവിഡി ഉദ്യോ​ഗസ്ഥർ ബസ് തടഞ്ഞത്. സർവീസ് ആരംഭിച്ച ശേഷം പത്തനംതിട്ടയിലും പാലായിലും ബസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു. പെർമിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. ചലാൻ നൽകിയെങ്കിലും എംവിഡി ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്.
ബസ് മൂന്നാം തവണയും തടഞ്ഞതോടെ ബസ് ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രം​ഗത്തെത്തി. 

നിയമ ലംഘനം ചൂണ്ടിക്കാട്ടി മുൻപു രണ്ടുതവണ ബസ് എംവിഡി പിടികൂടിയിരുന്നു. കഴിഞ്ഞ ഒക്ടോബർ  16-ാം തിയതിയാണ്  പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ്  റാന്നിയിൽ വെച്ച് മോട്ടോർവെഹിക്കിൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂർ സർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.