‘ പ്രധാനമന്ത്രിയുടെ ഉദ്ദേശങ്ങൾ കൃത്യമായി മനസിലാക്കി തരുന്നതാണ് പുതിയ പാർലമെന്റ് മന്ദിരം'; പോര്യ്മകൾ ചൂണ്ടിക്കാട്ടി ജയറാം രമേശ്

 | 
jairam ramesh

ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം തന്നെ പുതിയ പാർലമെന്റിന്റെ പോരായ്മകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പുതിയ പാർലമെന്റിന്റെ പോരായ്മകൾ എണ്ണിപറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ്.

‘ പ്രധാനമന്ത്രിയുടെ ഉദ്ദേശങ്ങൾ കൃത്യമായി മനസിലാക്കി തരുന്നതാണ് പുതിയ പാർലമെന്റ് മന്ദിരം. അതിനെ മോദി മൾട്ടിപ്ലക്‌സെന്നോ, മോദി മാരിയറ്റെന്നോ വിളിക്കണം. വെറും നാല് ദിവസം കൊണ്ട് രണ്ട് സഭകളിലും ലോബിയിലും ഞാൻ കണ്ടത് സംഭാഷണങ്ങൾ ഇല്ലാതാകുന്നതാണ്. വാസ്തുവിദ്യയ്ക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താൻ സാധിക്കുമെങ്കിൽ പ്രധാനമന്ത്രി ഭരണഘടന മാറ്റിയെഴുതാതെ തന്നെ അത് ചെയ്തു കഴിഞ്ഞു’ – ഇങ്ങനെയാണ് ജയറാം രമേശിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. രണ്ട് സഭകളും തമ്മിലുള്ള ബന്ധം പുതിയ പാർലമെന്റ് മന്ദിരത്തിൽ ബുദ്ധിമുട്ടാണെന്ന് ട്വീറ്റിൽ ജയറാം രമേശ് പറയുന്നു. സഭയിൽ പരസ്പരം കാണാൻ ബൈനോക്കുലർ വേണമെന്നും പാർലമെന്റിന്റെ വിജയത്തിനായി വേണ്ട അടുപ്പം പുതിയ മന്ദിരത്തിൽ ഇല്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

പഴയ പാർലമെന്റ് മന്ദിരം വൃത്താകൃതിയിലുള്ളതായിരുന്നതിനാൽ വഴി മാറിയാലും പെട്ടെന്ന് തന്നെ കണ്ടെത്താമായിരുന്നു. എന്നാൽ പുതിയ പാർലമെന്റിൽ വഴി തെറ്റിയാൽ അത് നമ്മെ വട്ടം കറക്കും. പഴയ പാർലമെന്റ് മന്ദിരം തുറന്ന് കിടക്കുന്ന രീതിയിലായിരുന്നു രൂപകൽപന. എന്നാൽ മുതിയ മന്ദിരം അടച്ചുമൂടിയാണ് പണി കഴിപ്പിച്ചിരിക്കുന്നതെന്നും ജയറാം രമേശ് വ്യക്തമാക്കി.‘പഴയ പാർലമെന്റിൽ പോകുന്നത് എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ പുതിയ മന്ദിരം വേദനാജനകമാണ്. പാർട്ടിഭേദമന്യേ എന്റെ മറ്റ് സഹപ്രവർത്തകർക്കും സമാന അഭിപ്രായം തന്നെയാകുമെന്ന് ഉറപ്പുണ്ട്’- ജയറാം രമേശ് കുറിച്ചു.

സെക്രട്ടേറിയറ്റിലെ സ്റ്റാഫ് അംഗങ്ങളും പുതിയ കെട്ടിടത്തിന്റെ അപാകതകളെ കുറിച്ച് പറയുന്നത് കേട്ടുവെന്ന് ജയറാം രമേശ് കൂട്ടിച്ചേർത്തു. കെട്ടിടം ഉപയോഗിക്കുന്നവരുമായി കൂടിയാലോചനകളൊന്നും ഇല്ലാതിരുന്നാൽ ഇങ്ങനെയിരിക്കുമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. 2024 ൽ അധികാര കൈമാറ്റം സംഭവിച്ചാൽ പുതിയ പാർലമെന്റ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ജയറാം രമേശ് ട്വീറ്റ് അവസാനിപ്പിച്ചത്.