ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയ നവവധു ആത്മഹത്യ ചെയ്തു

 | 
Mofia Parveen

ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെ പരാതി നല്‍കിയ നവവധു ആത്മഹത്യ ചെയ്തു. ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണ്‍ (21) ആണ് ആത്മഹത്യ ചെയ്തത്. യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഫിയ നല്‍കിയ പരാതിയില്‍ ഭര്‍തൃവീട്ടുകാരെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യ.

ഭര്‍ത്താവായ സുഹൈലും മാതാവും പിതാവും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നാണ് തന്റെ അവസാന ആഗ്രഹമെന്നും ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതി. സിഐക്കെതിരെ നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. തിങ്കളാഴ്ചയാണ് യുവതി പരാതി നല്‍കിയത്.

പോലീസ് സ്‌റ്റേഷനിലെ ചര്‍ച്ചയ്ക്ക് ശേഷം വീട്ടിലെത്തിയ യുവതി മുറിയില്‍ കതകടച്ച് ഇരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് പുറത്തു വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ മോഫിയയും ഭര്‍ത്താവിന്റെ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും മോഫിയ ഭര്‍ത്താവിനെ അടിച്ചതായും പോലീസ് പറയുന്നു. സ്റ്റേഷനില്‍ വെച്ച് ഇത്തരം കാര്യങ്ങള്‍ പാടില്ലെന്ന് താക്കീത് നല്‍കിയതായും പോലീസ് അറിയിച്ചു.

പോലീസില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്നാണ് മോഫിയ കത്തില്‍ പറയുന്നത്. തൊടുപുഴയിലെ അല്‍അസര്‍ കോളേജില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ മോഫിയ ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ടയാളെയാണ് വിവാഹം കഴിച്ചത്.