രാഷ്ട്രീയ മുതലെടുപ്പുകൾക്ക് എൻഎസ്എസ് കൂട്ടുനിൽക്കില്ല; കെ ബി ഗണേഷ് കുമാർ

 | 
K B GANESH KUMAR

ചങ്ങനാശ്ശേരി: മിത്ത് വിവാദത്തിൽ പ്രതികരിച്ച് കെബി ​ഗണേഷ്കുമാർ എംഎൽഎ. വിഷയത്തിൽ അന്തസ്സായ തീരുമാനം എൻഎസ്എസ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്രമസംഭവങ്ങളിലേക്ക് കേരളത്തിലെ ജനങ്ങളെ വിടാതിരിക്കാനും മതസൗഹാർദ്ദം തകർക്കാതിരിക്കാനുമുള്ള തീരുമാനം എൻഎസ്എസ് എടുത്തിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പുകൾക്ക് എൻഎസ്എസ് കൂട്ടുനിൽക്കില്ല. തെറ്റു കണ്ടപ്പോൾ നിയമത്തിന്റെ വഴി സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും ​ഗണേഷ്കുമാർ പറഞ്ഞു.

അതേസമയം മിത്ത് വിവാദത്തിൽ എൻഎസ്എസ് നിലപാട് കടുപ്പിച്ചു. പരാമർശത്തിൽ സ്പീക്കറുടെ വിശദീകരണം ഉരുണ്ടുകളി മാത്രമായിരുന്നുവെന്ന് എൻഎസ്എസ് പ്രതികരിച്ചു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ലെന്നും എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സ്പീക്കറുടെ വിവാദ പരാമർശങ്ങളെ സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിൽ ശക്തമായ പ്രതിഷേധമുണ്ട്. പ്രശ്‌നം കൂടുതൽ വഷളാക്കാതെ സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുക്കാത്ത പക്ഷം വിശ്വസ സംരക്ഷണത്തിന് വേണ്ടി നിയമപരമായ മാർഗങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും എൻഎസ്എസ് വ്യക്തമാക്കി.