പ്രതിപക്ഷം രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല; നരേന്ദ്ര മോദി

 | 
NARENDRA MODI

പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ പുതിയ കെട്ടിടത്തെ ഈ വിഭാഗം എതിർത്തു. 70 വർഷമായി രാജ്യത്തിന്റെ രക്തസാക്ഷികൾക്ക് യുദ്ധസ്മാരകം പോലും ഇക്കൂട്ടർ നിർമ്മിച്ചില്ലെന്ന് മോദി കുറ്റപ്പെടുത്തി.

നിർഭാഗ്യവശാൽ പ്രതിപക്ഷത്തിന്റെ ഒരു വിഭാഗം പഴയ രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. രാജ്യത്തെ മുഴുവൻ വികസനമാണ് ബിജെപി സർക്കാരിന്റെ മുൻഗണന. എല്ലായിടത്തും ഒരേ ഒരു പ്രതിധ്വനി മാത്രം. ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യം മുഴുവൻ അഴിമതിയും രാജവംശവും പ്രീണനവും ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുകയാണ്. പുതിയ ഊർജം, പ്രചോദനം, നിശ്ചയദാർഢ്യം എന്നിവ ഉൾക്കൊണ്ട് രാജ്യം മുന്നേറുകയാണെന്ന് മോദി പറഞ്ഞു.

‘ഇന്ന് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ത്യയിലാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് വർധിച്ചു. ഇന്ത്യയോടുള്ള ലോകത്തിന്റെ മനോഭാവം മാറിയതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്. ആദ്യത്തേത് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിലെ ജനങ്ങൾ പൂർണ്ണ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ രൂപീകരിച്ചു എന്നതാണ്. രണ്ടാമതായി, പൂർണ്ണ ഭൂരിപക്ഷമുള്ള സർക്കാർ വ്യക്തതയോടെ വലിയ തീരുമാനങ്ങൾ എടുക്കുകയും വെല്ലുവിളികൾക്ക് ശാശ്വത പരിഹാരത്തിനായി പ്രവർത്തിക്കുകയും ചെയ്തു’ എന്ന് മോദി പറഞ്ഞു.