രണ്ടു സമുദായങ്ങൾ സംഘർഷത്തിലേക്ക് പോകുന്നത് സർക്കാർ നോക്കിനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

 | 
v d satheeshan

സംസ്ഥാനത്ത് രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് പോകുന്നത് സർക്കാർ നോക്കി നിൽക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. നർകോട്ടിക് ജിഹാദ് വിവാദം ആളി കത്താതിരിക്കാനാണ് ഇടപെട്ടതെന്നും അദേഹം പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്നും വർഗീയത ഉണ്ടാക്കുന്നവരെ പിടിക്കാൻ ആരുമില്ലെന്നും വി ഡി സതീശൻ ചോദിച്ചു. 

സർക്കാർ എടുക്കുന്ന നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറാണ്. ഇരു വിഭാഗത്തെയും നേതാക്കളെ ഒരുമിച്ച് ഇരുത്തി ചർച്ചയ്ക്ക് അവസരം ഉണ്ടാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.  ആരും എരിതീയിൽ എണ്ണയൊഴിക്കരുതെന്നായിരുന്നു എൻ എസ് എസ് പ്രസ്താവനയ്ക്ക് വി.ഡി സതീശന്റെ മറുപടി. കേരളത്തെ കത്തിച്ചു ചാമ്പലാക്കാൻ പലരും കാത്തിരിപ്പുണ്ടെന്നും സതീശൻ പറഞ്ഞു.