'പിപി ദിവ്യയെ സംരക്ഷിക്കുമെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞിരുന്നു'; നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ
മരിച്ച മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ വീണ്ടും ഗുരുതര ആരോപണങ്ങളുമായി ഭാര്യ മഞ്ജുഷ കോടതിയിൽ. നവീൻ ബാബു തൂങ്ങിമരിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും കൊല നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കേണ്ടിവരുമെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മഞ്ജുഷ ആരോപിച്ചു.
ശരിയായ രീതിയിലുള്ള പോസ്റ്റുമോർട്ടം നടന്നില്ല. ഇൻക്വസ്റ്റിൽ കഴുത്തിൽ കണ്ടെത്തിയ പാട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇല്ല. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങളും നൽകുന്നില്ല. 55 കിലോ ഭാരമുള്ള നവീൻ എങ്ങനെ ചെറിയ കയറിൽ കെട്ടിതൂങ്ങി മരിക്കുമെന്നും ഹർജിക്കാരി ചോദിച്ചു.
പ്രതിയെ സംരക്ഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നുവെന്നും ജയിലിൽനിന്ന് ഇറങ്ങിയപ്പോൾ പി.പി. ദിവ്യയെ സ്വീകരിക്കാൻ സെക്രട്ടറിയുടെ ഭാര്യ പോയെന്നും മഞ്ജുഷ ഹർജിയിൽ പറഞ്ഞു. ഹർജി കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് നേരത്തേ സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്.