പെന്‍ഷന്‍ പ്രായം 57 ആക്കണം, പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ 5 ആക്കണം; ശമ്പളപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശകള്‍ കൈമാറി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ റിട്ടയര്‍മെന്റ് പ്രായം 57 ആക്കണമെന്ന് ശുപാര്‍ശ. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശകള്‍ നല്‍കി. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ 5 ആയി കുറയ്ക്കണമെന്നും ആശ്രിത നിയമനം പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.കെ മോഹന്‍ദാസ് അധ്യക്ഷനായ കമ്മീഷന്‍ നിര്‍ദേശിക്കുന്നു.
പ്രവൃത്തി ദിവസങ്ങള്‍ അഞ്ചായി കുറയ്ക്കുമ്പോള്‍ ജോലി സമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാക്കണം. അത്യാവശ്യ സാഹചര്യങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാം. എന്നാല്‍ ഇത് നിര്‍ബന്ധമാക്കേണ്ടതില്ല. അവധി ദിവസങ്ങള്‍ കുറയ്ക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ ലീവുകളുടെ എണ്ണം നിജപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
ആശ്രിത നിയമനം പൂര്‍ണമായും ഒഴിവാക്കണം. സര്‍വീസിലിരിക്കുന്നയാള്‍ മരണപ്പെടുമ്പോള്‍ ബന്ധുവിന് ജോലി നല്‍കുന്നതിലൂടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കാവുന്നില്ല. ആശ്രിതര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കണം. സര്‍വീസ് കാര്യക്ഷമതയില്‍ ഇടിവ് സംഭവിക്കുന്നതുകൊണ്ടും പൊതു ഉദ്യോഗാര്‍ത്ഥികളുടെ അവസരം കുറയുന്നതുകൊണ്ടും ഭരണഘടനയനുസരിച്ച് ആര്‍ട്ടിക്കിള്‍ 16ന്റെ അന്തഃസത്ത ലംഘിക്കുന്നതുകൊണ്ടും ആശ്രിത നിയമനം നിര്‍ത്തണമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്.
എയ്ഡഡ് കോളേജ്, സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തില്‍ സുതാര്യതയുണ്ടാകണം. ഇവര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ശമ്പളം കൈപ്പറ്റുന്നത്. ഇത്തരം നിയമനങ്ങള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കണം. മാനേജ്മെന്റുകളുടെ കൂടി സഹകരണത്തോടുകൂടി ഇത് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ കേരള റിക്രൂട്ട്മെന്റ് ബോര്‍ഡ് ഫോര്‍ പ്രൈവറ്റ് സ്‌കൂള്‍ ആന്‍ഡ് കോളേജ് സ്വീകരിക്കണം.
അതുവരെയുള്ള ഇന്റര്‍വ്യൂകള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. പരാതികളുയര്‍ന്നാല്‍ പരിഹരിക്കുന്നതിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ഓംബുട്സ്മാനായുള്ള ഒരു സമിതി വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു.