സുപ്രീം കോടതിയിലെ ഹർജിയൊന്നും പ്രശ്നമല്ല; പത്തു ബില്ലുകൾ തിരിച്ചയച്ച് തമിഴ്നാട് ഗവർണർ
തമിഴ്നാട് സർക്കാരുമായുള്ള സംഘർഷം രൂക്ഷമാക്കിക്കൊണ്ട് പത്തു ബില്ലുകൾ തിരിച്ചയച്ച് ഗവർണർ ആർ എൻ രവി. പന്ത്രണ്ടു ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നില്ലെന്ന് കാട്ടി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണനയിൽ ഇരിക്കുമ്പോഴാണ് ഗവർണറുടെ പുതിയ നടപടി. എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് പാസാക്കിയ രണ്ടു ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു.
എഐഎഡിഎംകെ സർക്കാരിലെ മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുന്നതും വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണർക്കുള്ള അധികാരം എടുത്തു കളയാനുള്ളതുമായ ബില്ലുകൾ ഇതിലുണ്ട്. ബില്ലുകൾ ഗവർണർ തിരിച്ച് അയച്ചതോടെ സ്പീക്കർ എം അപ്പാവ നിയമസഭയുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തു.
ബില്ലുകൾ വീണ്ടും അയച്ചു കൊടുക്കാൻ നിയമസഭ തീരുമാനിച്ചേക്കും. വീണ്ടും അയച്ചാൽ ഗവർണർക്ക് അതിൽ ഒപ്പിടേണ്ടി വരും. അതിനു പകരമായി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാനും ഗവർണർക്ക് സാധിക്കും. അതേസമയം ബില്ലുകളിൽ നടപടിയെടുക്കാത്ത ഗവർണർമാരെ സുപ്രീം കോടതി കഴിഞ്ഞയാഴ്ച രൂക്ഷമായി വിമർശിച്ചിരുന്നു.
ഗവർണർമാർ തീകൊണ്ട് കളിക്കരുതെന്നും ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് സർക്കാരിനെയാണെന്ന് മറക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.