പൊലീസ് ഊർജ്ജിതമായി അന്വേഷണം നടത്തുന്നുണ്ട്, എത്രയും പെട്ടന്ന് കുഞ്ഞിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ; മന്ത്രി ചിഞ്ചുറാണി

 | 
chinju


കൊല്ലം ഓയൂരിൽ നിന്ന് കാണാതായ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊർജിതമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കുട്ടി കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് കരുതുന്നത്. പ്രതികൾ കേരളം വിട്ടുപോകാൻ സാധ്യതയില്ലെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. പ്രതികളെ കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസുമായും ഉദ്യോഗസ്ഥസരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

പൊലീസ് എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് അന്വേഷണം നടത്തുന്നുവെന്ന് മന്ത്രി പി രാജീവ്. കുട്ടിയെ വേഗത്തിൽ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പി രാജീവ് പറഞ്ഞു. ‌മന്ത്രിതല സംഘം കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. ആശങ്കപ്പെടേണ്ടെന്നും കേരളം ഒറ്റക്കെട്ടായി കൂടെയുണ്ടെന്നും രണ്ട് ഫോൺ നമ്പറും വാഹനവും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 സംഭവത്തിൽ പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. കൊല്ലം- തിരുവനന്തപുരം ജില്ലാ അതിർത്തി കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അധികദൂരം കുട്ടിയുമായി പോകാൻ സാധ്യതയില്ലെന്നും ജില്ലയ്ക്കുള്ളിൽ വ്യാപക പരിശോധന നടത്തുകയാണെന്നും പൊലീസ് പറയുന്നു. എല്ലാ ജില്ലകളിലും പരിശോധന നടത്താനാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശം. ഇതുപ്രകാരം 14 ജില്ലകളിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.