വീടുകളിലെത്തി കോവിഡ് വാക്സിൻ നൽകണമെന്ന് പ്രധാനമന്ത്രി

 | 
modi


 കോവിഡ് വാക്സിൻ വീടുകളിൽ ചെന്ന് നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി  നിർദേശം നൽകി.  50 ശതമാനത്തിൽ താഴെ മാത്രം വാക്സിനേഷൻ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കലക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.  ഇതിനായി മതനേതാക്കളുടെയും മറ്റു യുവ സംഘടനകളുടേയും സഹായം തേടാമെന്നും മോദി പറഞ്ഞു.  ഇതിനോടൊപ്പം തന്നെ രണ്ടാം ഡോസ് നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദേഹം മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി.

ഇതുവരെ  വാക്സിൻ നൽകിയിരുന്നത് വാക്സിനേഷൻ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയാണ്. എന്നാൽ അതിൽ നിന്ന് മാറി വീടുകൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകണമെന്നാണ്  വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ വെച്ച് മോദി  വ്യക്തമാക്കിയത്.

 നിലവിൽ 2.5 കോടി ഡോസ് വാക്സിനുകളാണ് ദിവസവും സൗജന്യ വാക്സിൻ ക്യാമ്പയിന്റെ ഭാഗമായി നൽകുന്നത്.  എന്നത് എല്ലാ വീടുകളിലും വാക്സിൻ എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ മുദ്രാവാക്യം .  ഗ്രാമങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചായിരിക്കും വാക്സിനേഷൻ നടപ്പാക്കുക. ഇതിന് വേണ്ടി ഏത് വഴിയും സ്വീകരിക്കാം. ആവശ്യമെങ്കിൽ 25 പേരടങ്ങുന്ന ടീമുകളാക്കി തിരിക്കാം. എൻസിസിയുടേയും എൻഎസ്എസ് വൊളണ്ടിയർമാരുടേയും സേവനങ്ങളും സ്വീകരിക്കാമെന്നും  പ്രധാനമന്ത്രി പറഞ്ഞു. 

ജാർഖണ്ഡ്, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, മേഖാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ 40ലധികം ജില്ലകളിൽ വാക്സിനേഷന്റെ കാര്യത്തിൽ വളരെ ഏറെ പിന്നിലാണെന്നും ഇതിനെക്കുറിച്ച് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വിശദീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വെർച്വൽ വഴിയായിരുന്നു യോഗം.