മഴ കനക്കുന്നു; 9 ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 9 ജില്ലകളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍േകാട് ജില്ലകളിലാണ് രണ്ടു ദിവസം ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് വെള്ളിയാഴ്ചയും ഓറഞ്ച് അലര്‍ട്ടാണ്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴക്കെടുതികളില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. ചേന്നാരി മുഹമ്മദ് കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5 മണിയോടെ വീടിന് പിന്നിലുണ്ടായിരുന്ന ചെങ്കല്‍ മതില്‍ കുട്ടികള്‍ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. കൊല്ലം തെന്‍മലയില്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് മരിച്ചത്.
ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഏഴ് പഞ്ചായത്തുകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പുനലൂരില്‍ 25ഓളം വീടുകളില്‍ വെള്ളം കയറി. ആലപ്പുഴയിലും താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് വലിയതോതില്‍ ഉയരുകയാണ്.